തിരുവനന്തപുരം:
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനു പുറമെയാണ് രണ്ടു ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
അനുവദിച്ച രണ്ടു ഗഡുവിൽ ഒരെണ്ണം കുടിശികയാണ്. പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നൽകാനുള്ള സർക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പായത്. പെൻഷൻ വിതരണത്തിന് പ്രഥമ മുൻഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ മാസത്തെ പെൻഷൻ ഓണം പ്രമാണിച്ച് നേരത്തെ നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു.
- മന്ത്രിയോടൊന്ന്.
സാമൂഹികക്ഷേമ പെൻഷൻ സമ്മാനമോ ഔദാര്യമോ അല്ല എന്ന് മന്ത്രി ഓർക്കുക. സർക്കാരിൻ്റെ ഭാഗമെന്ന് വിശ്വസിക്കുന്നവരുടെ സ്വന്തം വീട്ടിൽ നിന്ന് എടുത്തു കൊടുക്കുന്ന പണമല്ല അത്. കാലാകാലം ഭരിച്ചവരെയും അവരുടെ കുടുംബങ്ങളെയും അവർ നടത്തിയ സകലവിധ ചിലവുകളുടേയും ധൂർത്തുകളുടെയും ചെലവിനായി ഈ നാട്ടിലെ സാധാരണക്കാരും ദരിദ്ര ജനങ്ങളും നൽകിയ നികുതിപ്പണത്തിൻ്റെ ഒരു വിഹിതമാണ് സാമൂഹികക്ഷേമ പെൻഷൻ എന്ന് പറഞ്ഞ് നൽകുന്നത്. ഭരണത്തിൻ്റെ ഭാഗമായി നിൽക്കുന്ന ഉദ്യോഗസ്ഥർക്കും പിണിയാളുകൾക്കും ലക്ഷങ്ങളും പതിനായിരങ്ങളും പെൻഷൻ കൊടുക്കുമ്പോൾ ഭരിക്കുന്നവർക്ക് ചെലവ് ചെയ്യാൻ നികുതി നൽകുന്ന ദരിദ്ര ജനങ്ങൾക്ക് തിരികെ ലഭിക്കുന്നത് മാസം 1300 രൂപ മാത്രമാണ്. അത് പോലും കൃത്യമായി നൽകാനോ കുടിശിക വരുത്താതെ നൽകാനോ കഴിയുന്നില്ല നിങ്ങൾക്ക്. അതു കൊണ്ട് വർണ വേണ്ട. പെൻഷൻ കൊടുത്താൽ മതി.
State Finance Minister Balagopal said that social welfare pension is a gift from the government. Pension Gift or Entitlement?